Friday, April 3, 2009

കുട്ടി കച്ചവടങ്ങൾ










“സ്കൂൾ അടച്ചു രണ്ടു മാസം എന്തു ചെയ്യും “

“ കടല വിക്കാൻ(കപ്പലണ്ടി) പോവാം”

“ വീട്ടീന്ന് സമ്മതിക്കില്ല “

“നമുക്ക് ആച്ഛാച്ചന്റെ കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് കട തുടങ്ങാം“

വർഷങ്ങൾക്ക് മുൻപുള്ള എന്റെയും കൂട്ടുകാരനായ ബന്ഡുവിന്റെയും ഒരു ഗൌരവകരമായ സംഭാഷണ ശകലം.

ആ തീരുമാനത്തിൽ നിന്ന് 10 വയസ്സുകാരായ ഞാനും മച്ചൂനനും കട തുടങ്ങി കച്ചവടം ബഹു ജോറ് .വഴിയെ പോകുന്ന ബൻഡുക്കളെയും പരിചയക്കാരെയും പിടിച്ചു നിർത്തി മിഠായി വാങ്ങിപ്പിച്ചു . കച്ചവടം നടത്തി മുതലും പലിശയും കിട്ടാഞ്ഞപ്പോൾ ഡിസ്റ്റ്രിബ്യൂട്ടറായഅഛാച്ചൻ വിതരണം നിർത്തി ....എനിരുന്നാലും കൂട്ടുകാരുടെ ഇടയിൽ ഞങ്ങളുടെ നിലവാരം ഉയർന്നു, കച്ചവടക്കാരനായല്ലോ?
ഞങ്ങളുടെ കച്ചവടം കുട്ടി കളിയായിരുന്നെങ്കിലും വേറെ ചില കുട്ടി കച്ചവടക്കാരുണ്ടായിരുന്നു.ഇല്ലായ്മയുടെ അടിവശം കീറിയ ട്രൌസറുമായി അവർ കശുമാവിൻ തോട്ടങ്ങളിൽ പാറ ഉരുക്കുന്ന മീന മാസത്തെ ഉച്ചകളിൽ മുതാൽ മുടക്കിനായി അലയും, കിട്ടിയ കശുവണ്ടി വിറ്റ് മുതലിറക്കി കടയിൽ വച്ച് ലാഭമുണ്ടാക്കി അടുത്ത ക്ലാസിലേക്കുള്ള പുസ്തകങ്ങളും അടി കീറാത്ത നീല ട്രൌസറും സ്വപനം കാണുന്ന വിഷാദ മുഖങ്ങൾ .അവർ അതിൽ വിജയിച്ചിരുന്നു അവ നെയിം സ്ലിപ്പുകളായും ,ബ്രൌൺ പൊതികളായും നനഞ്ഞ ക്ലാസിൽ വൃത്തിയായി അടുക്കി വച്ചിരുന്നു.

ഒരു സൻഡ്യക്ക് പെയ്ത വേനൽ മഴയിലും കാറ്റിലും ഞങ്ങളുടെ കട നിലം പതിച്ചു, ഇപ്പോഴും കുട്ടി കച്ചവടങ്ങൾ വേനലവധിയിൽ എന്റെ നാട്ടിൻ പുറങ്ങളിൽ സജീവം പുളി നാരങ്ങ ,മാങ്ങ ,അച്ചാറുകളും തേൻ മുട്ടായികളും പാൽ മുട്ടായികളും, നറുക്കുകളും,വിഷുവടുത്താൽ പടക്കങ്ങളും ഇവിടെ വില്പനചരക്കുകൾ ,ഈ വേനൽഅവധിക്ക് എന്റെ വീട്ടിനു മുന്നിൽ കെട്ടിയ കുട്ടികടയും കുഞ്ഞു കച്ചവടക്കാരുടെയും പടങ്ങളാണവ,ഞാൻ എന്റെ മോനെയും കൂട്ടി മുട്ടായി വാങ്ങാൻ പോയി ഭാര്യക്ക് പുളിയച്ചാർ വാങ്ങി കൊടുത്തു, കച്ചവടത്തിന്റെ കാപട്യവും മായവും അറിയില്ലാത്ത കുഞ്ഞുകച്ചവടക്കാരുടെ ആശ്വസവും സന്തോഷവും കാണാൻ ഒരിക്കൽ ഞാനും ഇത് അനുഭവിച്ചതല്ലേ എന്ന ഓർമ്മകളിലൂടെ ......... .














Wednesday, April 1, 2009

മാങ്ങേന്റെ വെള്ളം അതായത് പറങ്കിമാങ്ങാ വാറ്റ്

കടത്തനാടിന്റെ പ്രാന്ത പ്രദേശങ്ങളിൽ പാവപെട്ടവന്മാരുടെ സ്കോച്ച്‌ എന്നറിയപെടുന്ന മാങ്ങേന്റെ വെള്ളം(cashew feni) വെട്ടിൽ പീടികയിൽ ഫെബ്രുവരി മാസം മുതൽ ലഭ്യമായി തുടങ്ങും,ഈ സമയങ്ങളിൽ ഇതിനു വൻ ഡിമാന്റ്‌ ആണെങ്കിലും ഏപ്രിൽ ,മെയ്‌ മാസമാവുമ്പോഴേക്കും വില കുറയും ആ വേനൽ മാസങ്ങളിൽ ചൂടു കൂടുന്നതിനാൽ ഉപയോഗിക്കുന്നവർ വൻ നിർജ്ജലീകരണം ഉണ്ടാകും അതിനാൽ ഈ മാസങ്ങളിൽ വിലപന കുറയും ,കൂടാതെ ഈ സമയത്ത് ഉൽപാദനം വർദ്ധിക്കുന്നതിനാൽ വിറ്റഴിയാൻ പ്രയാസമാവും.എന്നാൽ വാറ്റിയെടുത്ത മാങ്ങേന്റെ വെള്ളം കുപ്പിയിൽ അടച്ചു മണ്ണിൽ സൂക്ഷിച്ച്‌ അടുത്ത ഇടവപ്പാതിയിൽ തണുത്ത മഴരാത്രിയിൽ എടുത്ത്‌ ഒരു അവുൺസ്‌ കുടിക്കുന്ന ശീലം വെട്ടിൽ പീടികയിലെ മുതിർന്ന പൗരന്മാർ തുടർന്നു വന്നിരുന്നു. .


ഉൽപാദന രീതി പറഞ്ഞു കേട്ടത്‌ : കശുവണ്ടിയുടെ മാങ്ങ ഒരു പാത്രത്തിൽ പിഴിഞ്ഞു നീരു മാത്രം എടുക്കുക ശേഷം ആവശ്യത്തിനു വെല്ലം(ഉണ്ട വെല്ലം) ചേർത്ത്‌ രണ്ടാഴ്ച വെച്ചതിനു ശേഷം മരത്തിന്റെ തട്ടിൽ വാറ്റിയെടുക്കുക , ഈ വാറ്റിയെടുക്കുന്നത്‌ കാണാൻ ഒരുപാട്‌ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞില്ല .ചിലപ്പോൾ അടുത്ത ദിവസങ്ങളിൽ അതിനു കഴിഞ്ഞേക്കും ഒത്താൽ ഫോട്ടോ ഗ്രാഫ്സ്‌ പ്രസിദ്ധീകരിക്കും(ജീവനോടുണ്ടെങ്കിൽ), എന്തായാലും വീര്യത്തിൽ ജോണിവാക്കർ ബ്ലാക്ക്‌ ലേബലിനോട്‌ കിട പിടിക്കും, വിരലിലെടുത്ത് കത്തിച്ചാൽ ആളികത്തും, മായം ലവലേശമില്ല ആരോഗ്യപ്രഥം.എന്നീ ഗുണഗണങ്ങൾ കണ്ടു വരുന്നു.




: രണ്ടു വർഷം മുൻപ്‌ വാങ്ങിവെച്ച ഒരു കുപ്പി മാങ്ങേന്റെ വെള്ളം ഈ വർഷ കാലത്ത്‌ ഷാർജ്ജയിൽ ഡിസൈൻ മാനേജരായി ജോലി ചെയ്യുന്ന എന്റെ അളിയനു കൊടുത്തു ഷാർജ്ജയിലെ ഒരു വിധം മോശമല്ലാത്ത വെള്ളിയാഴ്ച താമരയായ അളിയൻ രണ്ടു പെഗ്ഗിൽ വൈകുന്നേരം 7 മണി വരെ ഫ്ലാറ്റ്‌.

Sunday, March 1, 2009

ഓര്‍മ്മകള്‍


ഓർമ്മകളിൽ ഒരു മുച്ചക്ര സൈക്കിളിന്റെ പിറകിൽ സരക്ഷണ വലയം തീർത്തു കൊണ്ട്‌ നിൽക്കുന്നതായിരുന്നു ആദ്യം.....
ശിവരാത്രി നാളിൽ മൂന്നു കട്ട ബാറ്ററി റ്റോർച്ചിന്റെ വെളിച്ചത്തിൽ വയൽ വരമ്പിലൂടെ കഥകളികാണാൻ.......കൂടെ ഞാനും....

ഉച്ച വെയിലിൽ ട്രഷറിയിൽ നിന്നുള്ള വരവിൽ കൈയിൽ അടുക്കി പിടിച്ച കരന്റു ബുക്സ്‌ എന്നെഴുതിയ ബേക്കറി പൊതിയിൽ കൗതുകത്തോടെ നോട്ടം, അതിൽ നിന്ന് തല നീട്ടുന്നത്‌ വായിച്ചാൽ മനസ്സിലാവാത്ത കുറെ പുസ്തകങ്ങൾ ....... പിന്നീടാണറിഞ്ഞത്‌, അവയൊക്കെ അതി മധുരങ്ങളായിരുന്നെന്ന്.

അമ്മ ലോവര്‍ പ്രൈമറിയില്‍ അക്ഷര മധുരമൂട്ടാൻ പോയിരുന്നു ,അഛൻ ദേശ രക്ഷക്കായി മലമടക്കുകളിൽ കണ്ണും കാതും കൂർപ്പിച്ചിരുന്നു. ആ ഏകാന്തതിയില്‍ വല്ലാത്തൊരാശ്വാസമായിരുന്നു.മാതൃഭൂമി ആഴചപതിപ്പുകളുടെ ചിത്രങ്ങളുടെ കൗതുകത്തിനപ്പുറം ആ മടുപ്പ്‌ പിന്നെ കഥകളുടെ മായാലോകത്തിലേക്കു പോയി , കുരുക്ഷേത്രവും ,രാമന്റെ അയനവും സമ്പുഷ്ടമാക്കിയ പുസ്തക അലമാരികൾ എന്റെ ഏകാന്തത സ്വപ്നങ്ങളിലൂടെ അലഞ്ഞു. പ്രധാന അദ്ധ്യാപക വേഷം അഴിച്ചു വച്ച്‌ വിശ്രമ ജീവിതം കത്രിക സിഗരറ്റിന്റെ നീല വിഷചുരുകളിൽ സമയം കൊന്നു .

ഒടുവിൽ ഒരു തുലാമാസത്തിലെ അരുണിമ കൂടിയ സൻഡ്യയിൽ തീനാളത്തിനൊപ്പം മുത്ത്ഛൻ കൂട്ടുകൂടിയപ്പോൾ തോന്നിയത്‌ കരച്ചിലല്ല ഒരു വല്ലാത്ത വിഭ്രാന്തിയായിരുന്നു.അതിനു കാരണ മുണ്ടായിരുന്നു എനിക്ക്‌ ഒരു സർക്കാർ ജോലി കിട്ടണമെന്ന അഭമ്യമായ ആഗ്രഹം പുലർത്തിയ അദ്ദേഹത്തിനു മുന്നിൽ ഞാൻ രണ്ടു വർഷം വൈകി പോയി എന്ന തോന്നൽ, ചിലപ്പോഴൊക്കെ ഇറങ്ങി തിരിക്കാറുണ്ട്‌ അദ്ദേഹത്തിന്റെ പഴയ ചില ചുരുക്കം സതീർത്ഥ്യരുടെ വീടുകളിലേക്ക്‌,അനിവാര്യമായ അവരുടെ ഒരു കൂടിച്ചേരലുണ്ടല്ലൊ? “അപ്പോൾ ആ അഗ്രഹം ഞാൻ സാധിച്ച കാര്യം“ പറയണമെന്ന് പറയാൻ. യാഥാർത്ത്യത്തിന്റെ നേരുകൾ വഴി തിരിച്ചതു കൊണ്ട്‌ വാക്കുകൾ മുറിഞ്ഞു , വഴികള്‍ അടഞ്ഞു പോകുന്നു.
ഇപ്പോഴും 5.1 സ്പീക്കറിൽ നിന്നും ഉതിരുന്ന കഥകളി പദങ്ങളിൽ നിന്നും ,മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുതിയ ഗന്‍ഡങ്ങളിൽ നിന്നും ഓർമ്മകൾക്ക്‌ വല്ലാതെ തീ പിടിക്കാറുണ്ട്‌ അതിനു ചുറ്റും ഞാൻ ഉന്മാദത്തിന്റെ താണ്ഡവമാടാറുണ്ട്‌ രാത്രി ഏറെ വൈകും വരെ .

Monday, October 27, 2008

ഗുരുവിന്

ഗുരു ചരണം ശരണം