Sunday, March 1, 2009

ഓര്‍മ്മകള്‍


ഓർമ്മകളിൽ ഒരു മുച്ചക്ര സൈക്കിളിന്റെ പിറകിൽ സരക്ഷണ വലയം തീർത്തു കൊണ്ട്‌ നിൽക്കുന്നതായിരുന്നു ആദ്യം.....
ശിവരാത്രി നാളിൽ മൂന്നു കട്ട ബാറ്ററി റ്റോർച്ചിന്റെ വെളിച്ചത്തിൽ വയൽ വരമ്പിലൂടെ കഥകളികാണാൻ.......കൂടെ ഞാനും....

ഉച്ച വെയിലിൽ ട്രഷറിയിൽ നിന്നുള്ള വരവിൽ കൈയിൽ അടുക്കി പിടിച്ച കരന്റു ബുക്സ്‌ എന്നെഴുതിയ ബേക്കറി പൊതിയിൽ കൗതുകത്തോടെ നോട്ടം, അതിൽ നിന്ന് തല നീട്ടുന്നത്‌ വായിച്ചാൽ മനസ്സിലാവാത്ത കുറെ പുസ്തകങ്ങൾ ....... പിന്നീടാണറിഞ്ഞത്‌, അവയൊക്കെ അതി മധുരങ്ങളായിരുന്നെന്ന്.

അമ്മ ലോവര്‍ പ്രൈമറിയില്‍ അക്ഷര മധുരമൂട്ടാൻ പോയിരുന്നു ,അഛൻ ദേശ രക്ഷക്കായി മലമടക്കുകളിൽ കണ്ണും കാതും കൂർപ്പിച്ചിരുന്നു. ആ ഏകാന്തതിയില്‍ വല്ലാത്തൊരാശ്വാസമായിരുന്നു.മാതൃഭൂമി ആഴചപതിപ്പുകളുടെ ചിത്രങ്ങളുടെ കൗതുകത്തിനപ്പുറം ആ മടുപ്പ്‌ പിന്നെ കഥകളുടെ മായാലോകത്തിലേക്കു പോയി , കുരുക്ഷേത്രവും ,രാമന്റെ അയനവും സമ്പുഷ്ടമാക്കിയ പുസ്തക അലമാരികൾ എന്റെ ഏകാന്തത സ്വപ്നങ്ങളിലൂടെ അലഞ്ഞു. പ്രധാന അദ്ധ്യാപക വേഷം അഴിച്ചു വച്ച്‌ വിശ്രമ ജീവിതം കത്രിക സിഗരറ്റിന്റെ നീല വിഷചുരുകളിൽ സമയം കൊന്നു .

ഒടുവിൽ ഒരു തുലാമാസത്തിലെ അരുണിമ കൂടിയ സൻഡ്യയിൽ തീനാളത്തിനൊപ്പം മുത്ത്ഛൻ കൂട്ടുകൂടിയപ്പോൾ തോന്നിയത്‌ കരച്ചിലല്ല ഒരു വല്ലാത്ത വിഭ്രാന്തിയായിരുന്നു.അതിനു കാരണ മുണ്ടായിരുന്നു എനിക്ക്‌ ഒരു സർക്കാർ ജോലി കിട്ടണമെന്ന അഭമ്യമായ ആഗ്രഹം പുലർത്തിയ അദ്ദേഹത്തിനു മുന്നിൽ ഞാൻ രണ്ടു വർഷം വൈകി പോയി എന്ന തോന്നൽ, ചിലപ്പോഴൊക്കെ ഇറങ്ങി തിരിക്കാറുണ്ട്‌ അദ്ദേഹത്തിന്റെ പഴയ ചില ചുരുക്കം സതീർത്ഥ്യരുടെ വീടുകളിലേക്ക്‌,അനിവാര്യമായ അവരുടെ ഒരു കൂടിച്ചേരലുണ്ടല്ലൊ? “അപ്പോൾ ആ അഗ്രഹം ഞാൻ സാധിച്ച കാര്യം“ പറയണമെന്ന് പറയാൻ. യാഥാർത്ത്യത്തിന്റെ നേരുകൾ വഴി തിരിച്ചതു കൊണ്ട്‌ വാക്കുകൾ മുറിഞ്ഞു , വഴികള്‍ അടഞ്ഞു പോകുന്നു.
ഇപ്പോഴും 5.1 സ്പീക്കറിൽ നിന്നും ഉതിരുന്ന കഥകളി പദങ്ങളിൽ നിന്നും ,മാതൃഭൂമി ആഴ്ചപതിപ്പിന്റെ പുതിയ ഗന്‍ഡങ്ങളിൽ നിന്നും ഓർമ്മകൾക്ക്‌ വല്ലാതെ തീ പിടിക്കാറുണ്ട്‌ അതിനു ചുറ്റും ഞാൻ ഉന്മാദത്തിന്റെ താണ്ഡവമാടാറുണ്ട്‌ രാത്രി ഏറെ വൈകും വരെ .